ഇൻഡോർ: ഐസിസി വനിതാ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് അനായാസ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്.
ദക്ഷിണാഫ്രിക്കയ ഉയർത്തിയ 98 റൺസ് വിജയലക്ഷ്യം 16.5 ഓവറിൽ ഓസ്ട്രേലിയ മറികടന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ബെത് മൂണി 42 റൺസെടുത്തു. 38 റൺസുമായി ജോർജിയ വോളും 10 റൺസുമായി അന്നബെൽ സതർലൻഡും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മരിസാനെ കാപ്പും മസബട്ട ക്ലാസും നദൈൻ ഡി ക്ലർക്കും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 24 ഓവറിൽ 97 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഓസീസ് ബൗളർമാരുടെ മുന്നിൽ തകർന്നടിയുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഏഴ് വിക്കെറ്റെടുത്ത സ്പിന്നർ അലാന കിംഗാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്.
മേഘൻ ഷൂട്ടും കിംഗ് ഗാർത്തും ആഷ്ലെ ഗാർഡ്നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 31 റൺസെടുത്ത ക്യാപ്റ്റൻ ലോറ വോൾവാർഡിനും 29 റൺസെുത്ത സിനാലോ ജാഫ്ടയ്ക്കും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പിടിച്ചുനിൽക്കാനായത്. അലാനാ കിംഗാണ് മത്സരത്തിലെ താരം.
ഇന്നത്തെ വിജയത്തോടെ ഐസിസി വനിതാ ലോകകപ്പിലെ പ്രാഥമിക ഘട്ടത്തിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തി. ഇതോടെ സെമിയിൽ ഓസ്ട്രേലിയ ഇന്ത്യയെ നേരിടും. ഈ മാസം 30ന് നവീ മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം നടക്കുക.